കാസർകോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാകാൻ കാസർകോട് സ്വദേശി

കാസർകോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാകാൻ കാസർകോട് സ്വദേശിക്ക് നിയോഗം. തൃക്കരിപ്പൂരിലെ ഡോ.എ.അരുൺ കുമാറാണ് പ്രിൻസിപ്പലായി നിയമിതനായത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലായിരിക്കെയാണ് നിയമനം. തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ.യു.പി സ്കൂൾ അധ്യാപകനായിരുന്ന പരേതനായ വി.കെ.കുഞ്ഞിരാമൻ മാസ്റ്ററുടെയും എ. ലക്ഷ്മിയുടെയും മകനാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും
ഒപ്താൽമോളജിയിൽ ബിരുദാനന്തര ബിരുദവും നേടി 2000ൽ ആണ് സർവ്വീസിൽ പ്രവേശിച്ചത്. സീനിയർ ലക്ച്ചററായി കോഴിക്കോട്ടും ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജിലും പ്രവർത്തിച്ചു. 2009 ൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി.

2016ൽ പ്രൊഫസറായി കോഴിക്കോട് തിരിച്ചെത്തി. 2020 മുതൽ കോഴിക്കോട്ട് ഒപ്താൽമോളജി വിഭാഗം മേധാവി. രണ്ടു വർഷം മുമ്പ് വൈസ് പ്രിൽസിപ്പലായി. ആരോഗ്യ സർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അംഗമാണ്. ഭാര്യ ഡോ.എസ്.സീമ കോഴിക്കോട്ട് ഡൻ്റൽ  സർജനാണ്. വിദ്യാർത്ഥികളായ ആദിശേഷൻ (ബി.ടെക്), അരുന്ധതി എന്നിവർ മക്കളാണ്.