ബേപ്പൂർ വാട്ടര്‍ ഫെസ്റ്റ്: ആവേശമായി ഡ്രാഗണ്‍ ബോട്ട് റേസ്

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ചാലിയാറില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റേസ് കാണികൾക്ക് ആവേശമായി. രാജ്യാന്തര ജലകായിക ഇനമായ ഡ്രാഗണ്‍ ബോട്ട് റേസ് ആദ്യമായാണ് ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ഡ്രാഗണ്‍ ബോട്ട് മത്സരം മലബാറിലെത്തുന്നതും ആദ്യമായാണ്. താളത്തിനൊത്ത് മുന്നേറിയ ബോട്ടുകള്‍ ബ്രേക്ക് വാട്ടറിനു സമീപം അണിനിരന്നത് വള്ളംകളി കാണികള്‍ക്ക് ആവേശകരമായ അനുഭവമായി.

മത്സരത്തില്‍ എട്ട് ടീമുകളാണ് പങ്കെടുത്തത്. ഓരോ ബോട്ടിലും 11 വീതം തുഴച്ചിലുകാര്‍ പങ്കെടുത്തു. നീളം കൂടിയ ഇരു വശത്തും ചിറകുകളുള്ള പ്രത്യേക ബോട്ടാണ് ഡ്രാഗണ്‍ ബോട്ട്. ബോട്ടിന്റെ മുന്നില്‍ വ്യാളിയുടെ തലയും പിന്നില്‍ വാലും അലങ്കാരമായുണ്ടാകും.

മത്സരത്തില്‍ എ.കെ.ജി പൊടോതുരുത്തി, നീലേശ്വരം ഒന്നാം സ്ഥാനവും അഴീക്കോടൻ അച്ചാന്തുരുത്തി കാസർകോട്, വി.വി.എം.എ.എസ്‌സി കാരിയില്‍, ചെറുവത്തൂര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

ബോട്ട് റേസിന്റെ ഉദ്ഘാടനം കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്. കെ.സജീഷ് നിര്‍വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ഡോ.ടി. നിഖില്‍ ദാസ്, ഫെസ്റ്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.