അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. തമിഴ് നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.
ഇത് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്ക് സമീപം തീവ്ര ന്യുന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 22 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




















