കീഹോൾ ഹൃദയ ശസ്ത്രക്രിയ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ വിജയകരമായി നടത്തി
ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചെലവേറിയതും സങ്കീർണ്ണവുമായ കീഹോൾ ശസ്ത്രക്രിയ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി
ഗോത്രവർഗ്ഗവിഭാഗത്തിലെ സ്ത്രീക്കാണ് ശസ്ത്രക്രിയ ചെയ്തത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലെ രണ്ടാമത്തെ ജില്ലാതല ആശുപത്രിയായി തൃശ്ശൂർ ജനറൽ ആശുപത്രി.
എറണാകുളം ജനറൽ ആശുപത്രിക്ക് പുറമേയാണ് തൃശ്ശൂർ ജനറൽ ആശുപത്രിയും ഈ നേട്ടം കൈവരിച്ചത്. 2022 ൽ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ച് മൂന്നര വർഷത്തിനുള്ളിൽ നാലായിരം പ്രൊസീജിയറുകൾ പൂർത്തിയാക്കിയെന്ന നേട്ടവും തൃശ്ശൂർ ജനറൽ ആശുപത്രിക്കുണ്ട്.
ഇന്റർവെൻഷണൽ ഹൃദയ ശസ്ത്രക്രിയ രംഗത്തെ ഏറ്റവും ചിലവേറിയതും സങ്കീർണവുമായ കീ ഹോൾ ശസ്ത്രക്രിയ ആണ് TAVR. ശ്വാസതടസ്സവും നെഞ്ചുവേദനയെയും തുടർന്ന് അഡ്മിറ്റ് ആയ 68 വയസ്സുള്ള രോഗിക്കാണ് ഈ ശസ്ത്രക്രിയ ഫലപ്രദമായി പൂർത്തിയിക്കാൻ സാധിച്ചത്.
14 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രകിയയാണ് സർക്കാർ പദ്ധതികളിലൂടെ സൗജന്യമായി നടത്തിയത്. അഭിമാനകരമായ നേട്ടം കൈവരിച്ച തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.




















