ചിത്രാഞ്ജലി നവീകരണം ആറ് മാസത്തിനകം പൂർത്തിയാക്കും
തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം ആറു മാസത്തിനകം പൂർത്തിയാക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു പറഞ്ഞു. ഇതു സംബന്ധിച്ച് ടെക്നീഷ്യൻമാരുമായി ചർച്ച നടത്തിയതായും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ മികച്ച സ്റ്റുഡിയോകളിലൊന്നായി ചിത്രാഞ്ജലി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.മധു. ജെ. സി. ഡാനിയേലിന്റെ വെങ്കല പ്രതിമ മൂന്നു മാസത്തിനകം സ്ഥാപിക്കും. ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലുള്ള തിയേറ്ററുകൾക്ക് പുറമെ പുതിയ തിയേറ്റർ നിർമ്മാണത്തിന് കണ്ണൂരിലെ ധർമ്മടത്ത് സ്ഥലം ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംവിധായകന് കെ.മധു. കെ.എസ്. എഫ്.ഡി.സി ചെയർമാനായി ചുമതലയേറ്റത്. ചെയർമാൻ എന്ന നിലയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഔദ്യോഗികമായി ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സ്ഥാനത്തിന്റെ പ്രാധാന്യവും സിനിമാ വ്യവസായത്തോടും സമൂഹത്തിനോടുമുള്ള ബാധ്യതയും പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കുന്നു.
സ്ഥാപനത്തിന്റെ പുരോഗതിക്കും സിനിമാരംഗത്തിൻ്റെ ഗുണകരമായ പ്രവർത്തനങ്ങൾക്കും ക്രിയാത്മകവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തി സിനിമാ വ്യവസായത്തെ പുതിയ തലത്തിൽ എത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.




















