ഗുരുവായൂരിൽ വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക് സമർപ്പിച്ചു. പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലാൻഡിൻ്റെ സ്വിച്ച് മൊബിലിറ്റി ട്രക്കാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്. യു. എ. ഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലും ഇന്ത്യയിലും പ്രശസ്തമായ കണ്ടാസ് ഗ്രൂപ്പാണ് മിനിട്രക്ക് സമർപ്പിച്ചത്.
ക്ഷേത്ര കിഴക്കേ നടയിൽ വാഹനപൂജ നടത്തിയ ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. കണ്ടാസ് ഗ്രൂപ്പ് എം.ഡി. അരുണും കുടുംബവും ചേർന്ന്
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് വാഹനത്തിൻ്റെ താക്കോലും രേഖകളും നൽകി.
വാഹനം സമർപ്പിച്ച അരുണിനും കുടുംബത്തിനും കളഭവും തിരുമുടിമാലയും കദളിപഴവും പഞ്ചസാരയും പായസവും അടങ്ങുന്ന പ്രസാദ കിറ്റ് ചെയർമാൻ ഡോ.വി.കെ. വിജയൻ സമ്മാനിച്ചു. കാവീട് ഗോശാലയിൽ നിന്ന് ക്ഷേത്രാവശ്യങ്ങൾക്കുള്ള പാൽ കൊണ്ടുവരുന്നതിന് ഈ വാഹനം ഉപയോഗിക്കും. ഒറ്റ ചാർജിൽ 130 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇ സ്വിച്ച് മൊബിലിറ്റി ട്രക്ക്.




















