അഞ്ച് ഏക്കറിൽ ചെണ്ടു മല്ലി കൃഷിയുമായി നാറാത്ത് പഞ്ചായത്ത്

അഞ്ച് ഏക്കറിൽ ചെണ്ടു മല്ലി കൃഷി. ഇതിനായി പതിനായിരം തൈകൾ നട്ടു. കണ്ണൂർ നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. നടീൽ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ നിർവഹിച്ചു.

അഞ്ച് ഏക്കറിൽ ഒരുലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.കെ അനിതയുടെ നേതൃത്വത്തിലുള്ള സൗഭാഗ്യ ഗ്രൂപ്പ് ആണ് കൃഷി നടത്തുന്നത്. ഓണത്തിന് തദ്ദേശീയമായി പൂക്കൾ ഉത്പാദിപ്പിക്കുക, ജില്ലയിലെ വനിതാ ഗ്രൂപ്പുകളെ കൃഷിയിൽ പ്രോത്സാഹിപ്പിക്കുക, വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഓണക്കാലത്ത് പൂക്കള്‍ക്കായി ഇതരസംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി ജില്ലയില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
വൈസ് പ്രസിഡന്റ് കെ.ശ്യാമള, വാർഡ് അംഗം വി.വി. ഗിരിജ, പഞ്ചായത്ത് സെക്രട്ടറി എ.ജി. അജിത് കുമാർ, കൃഷി ഓഫീസർ അനുഷ അൻവർ, കൃഷി അസിസ്റ്റന്റുമാരായ സന്ധ്യ, സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.