പുതുമയോടെ അണിഞ്ഞൊരുങ്ങി തൃശ്ശൂർ കൈരളി ശ്രീ തിയേറ്റർ
ആധുനിക സൗകര്യങ്ങളോടെ തൃശ്ശൂരിലെ കൈരളി ശ്രീ തിയേറ്റർ പ്രേ ക്ഷകർക്ക് പുതുമകൾ സമ്മാനിക്കാൻ ഒരുങ്ങി. നവീകരിച്ച കെട്ടിടവും തിയേറ്ററും ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കും.
ചലച്ചിത്ര വികസന കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന കൈരളി ശ്രീ തിയേറ്റർ നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് തുറക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയോടുകൂടിയ ആർ.ജി.ബി ഫോർ കെ ലേസർ പ്രൊജക്ഷൻ, ഹ്യൂഗോ സിൽവർ സ്ക്രീൻ, 36 ചാനൽ ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, പുഷ് ബാക്ക് സീറ്റുകൾ, പ്ലാറ്റിനം സോഫ സീറ്റുകൾ, എന്നീ സംവിധാനങ്ങൾ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.
കൈരളി തിയേറ്ററിൽ 33 ബാൽക്കണി പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 519 സീറ്റുകളും, ശ്രീ തിയേറ്ററിൽ 36 പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 327 സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 800 ൽ പരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തിയേറ്ററിൽ സിനിമാ ആസ്വാദകർക്കായി ശീതീകരണ സംവിധാനത്തോടു കൂടിയ ബേബി ഫീഡിങ് റൂമുകൾ, ലിഫ്റ്റ്, കഫെറ്റീരിയ, വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്ലറ്റ്, വാഹന പാർക്കിങ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദമായിട്ടാണ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്.
മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പി. ബാലചന്ദ്രൻ എം എൽ എ സ്വാഗതം പറയും. കെ രാധാകൃഷ്ണൻ എം പി, കോർപ്പറേഷൻ മേയർ എം. കെ. വർഗീസ് എന്നിവർ മുഖ്യാതിഥികളാകും.




















