കെ.എ.എൽ. മുപ്പത് ‘മിൽമ മിലി കാർട്ട്’ പുറത്തിറക്കി

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് മുപ്പത് ‘മിൽമ മിലി കാർട്ട് ‘ രൂപകല്പന ചെയ്ത് പുറത്തിറക്കി.

മിൽമക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത് നിർമ്മിച്ച ഐസ് ക്രീം കാർട്ടുകളുടെ വിപണന ഉദ്‌ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളുടെ മാർക്കറ്റ് ലോഞ്ചും ഇതോടൊപ്പം നടന്നു.

‘മിൽമ മിലി കാർട്ട്’ എന്ന് പേരിട്ട ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ആയ 30  യൂണിറ്റുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാഹനത്തെ കസ്റ്റമൈസ് ചെയ്താണ് നൽകുന്നത്. ഇവ മിൽമയുടെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജിയണൽ  കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യും.

1978 ൽ സ്ഥാപിതമായ കേരള ഓട്ടോമോബൈൽ 1984 ൽ 2 സ്ട്രോക്ക് പെട്രോൾ എൻജിനുകൾ ഘടിപ്പിച്ച ഓട്ടോറിക്ഷകളാണ് ഉത്പാദിപ്പിക്കാൻ  ആരംഭിച്ചത്. 1991 ൽ 4 സ്ട്രോക്ക് ഡീസൽ എൻജിൻ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങൾ നിർമ്മിച്ചു. കെ.എ.എൽ ഓട്ടോറിക്ഷകളും കാർഗോ വാഹനങ്ങളും ദില്ലി, പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇഷ്ടവാഹനങ്ങൾ ആയി.

325 സിസി ഡീസൽ എൻജിൻ ഘടിപ്പിച്ച ഫ്രണ്ട് എൻജിൻ വാഹനങ്ങളുടെ അധിക ഭാരം വഹിച്ച് കൊണ്ട്  അനായാസം ഓടാനുള്ള ശേഷിയാണ് അവിടങ്ങളിലെ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചത്. ഉത്തരേന്ത്യൻ നിരത്തുകളിൽ ഇന്നും ധാരാളം കെ. എ.എൽ ഓടുന്നത് കാണാം. 2019 ൽ  കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്നു.

ആ ശ്രേണിയിൽ ആദ്യം നിർമ്മിച്ചത് കേരള നീം ജി എന്ന ഇലക്ട്രിക്ക് ഓട്ടോ റിക്ഷ ആണ്. ലിഥിയം ഫെറോ ഫോസ്‌ഫേട് ബാറ്ററി ഘടിപ്പിച്ച ഈ വാഹനത്തോടോപ്പം 2021 ൽ 310 കിലോ ഭാരം വഹിക്കാൻ കഴിയുന്ന കേരള ഗ്രീൻ സ്ട്രീം എന്ന ഇലക്ട്രിക്ക് കാർട്ടിന്റെ  നിർമ്മാണവും ആരംഭിച്ചു.