ഗുരുവായൂർ ദേവസ്വം പരിസ്ഥിതി ദിനം ആചരിച്ചു
വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും പ്രതിജ്ഞയെടുത്തും ഗുരുവായൂർ ദേവസ്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കാവീട് ഗോശാലയിലായിരുന്നു പരിസ്ഥിതി ദിനാചരണ പരിപാടികൾ. മാങ്കോസ്റ്റിൻ തൈ നട്ട് ദേവസ്വം മുൻ ചെയർമാനും കോഴിക്കോട് നോർത്ത് എം.എൽ.എ യുമായ തോട്ടത്തിൽ രവീന്ദ്രൻ പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മാവിൻ തയ്യും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവും നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പരിസ്ഥിതി ദിന സന്ദേശം നൽകി.
അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ജീവധനം ഡി.എ എം. രാധ, വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, പി.ആർ.ഒ വിമൽ ജി. നാഥ്, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, സുന്ദർരാജ് തുടങ്ങിയവർ പങ്കെടുത്തു.




















