വാർത്തകളുടെ വിശ്വാസ്യത നഷ്ടമാകരുത്- സ്പീക്കർ
വാർത്തകൾ അതിവേഗം നൽകാൻ മത്സരിക്കുമ്പോൾ വിശ്വാസ്യത നഷ്ടമാകരുതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട ഉത്തരവാദിത്തം അവരുടേതാണ്. മാധ്യമധർമ്മത്തിലൂന്നി പക്ഷം ചേരാതെ സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കണം.
വർത്തമാനകാല ഇന്ത്യൻ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പോലെ മാധ്യമ പ്രവർത്തകരും വിമർശിക്കപ്പെടാമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ജനാധിപത്യം മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയല്ല, മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കോർപറേറ്റ് വത്ക്കരണ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ പറഞ്ഞു.
ജനാധിപത്യം ശക്തമാകുന്നതോടെ മാധ്യമങ്ങൾക്ക് ശക്തിയാർജിക്കാനാകും. വസ്തുതകൾ ഭാഗികമായി പറയുന്ന ശൈലിയാണ് കുത്തക മാധ്യമങ്ങൾ പിൻതുടരുന്നത്. ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രത്യേക താൽപര്യപ്രകാരം തമസ്കരിക്കുന്ന പ്രവണതയും കണ്ടുവരുന്നു.
മുഖ്യധാരാ മാധ്യമങ്ങൾ കാലഘട്ടത്തിനനുസൃതമായി രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതുപോലെ സവർണ ഭാഷാ ശൈലിമാറ്റി വസ്തുതകൾ കൃത്യതയോടെ പറയുന്ന രീതി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ബി. അഭിജിത്ത്, കെ.യു.ഡബ്ല്യു.ജെ തിരിവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു.