പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം ‘കവചം’ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ  നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്.

അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൺ വഴിയും ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.126 സൈറൻ-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, ഡാറ്റ സെന്റർ എന്നിവയടങ്ങുന്നതാണ് കവചം.

അത്യാധുനികമായ  ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും.

എല്ലാ സ്ഥലങ്ങളിലും സൈറൺ വഴി മുന്നറിയിപ്പ് ലഭിക്കുബോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും.  സൈറണുകൾ വഴി തത്സമയം മുന്നറിയിപ്പുകൾ അനൗൺസ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ, അവിടങ്ങളിലെ ജലാശയങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ ഫയർ സ്റ്റേഷനുകൾ മറ്റ് പൊതുകെട്ടിടങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങൾ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണുള്ളത്. ഈ കൺട്രോൾ റൂമുകളെ പരസ്പരം വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നിൽ കണ്ടാൽ ദ്രുതഗതിയിൽ  ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസൺ പോർട്ടലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കാൾ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നിൽ കാണുകയോ അപകടങ്ങളിൽ പെടുകയോ ചെയ്യുന്ന പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനും സഹായം ആവശ്യപ്പെടാനുമാകും.

സഹായമഭ്യർത്ഥിക്കുന്ന ആളിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഞൊടിയിടയിൽ ആ പ്രദേശത്തെ രക്ഷാപ്രവർത്തകർക്ക് കൈമാറും, സ്വീകരിച്ച നടപടികൾ കണ്ട്രോൾ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കൺട്രോൾ റൂമുകൾ എമർജൻസി ഓപ്പറേഷൻ സെന്ററുകളുമായി കണ്ണിചേർത്തിട്ടുമുണ്ട്.

റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *