ആയുഷ് സാമ്പിൾ സർവേയിൽ കേരളത്തിന് നേട്ടം
കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിൽ
നാഷണൽ സാമ്പിൾ സർവേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജൂലൈ 2022 മുതൽ ജൂൺ 2023 വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കേരളത്തിന് മുൻതൂക്കം. ആയുർവേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉൾപ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്.
ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളേയും നഗര പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു സർവേ. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ ഔഷധങ്ങൾ, ഔഷധ സസ്യങ്ങൾ, ആയുഷ് പാരമ്പര്യ അറിവുകൾ എന്നിവയെപ്പറ്റിയും സർവേയിൽ വിശകലനം ചെയ്തു.
സംസ്ഥാന ആയുഷ് വകുപ്പ് ആയുഷ് മേഖലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ ആയുഷ് സാമ്പിൾ സർവേ ഫലം കാണിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് മേഖലയിലെ ബജറ്റ് വിഹിതത്തിൽ മുൻകാലങ്ങളെക്കാളും മൂന്നിരട്ടിയോളം വർധനവാണ് ഈ സർക്കാരിന്റെ കാലത്ത് വരുത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആയുർവേദ ഹോമിയോ സ്ഥാപനങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. എഴുന്നൂറോളം ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തി. കോവിഡ് സമയത്ത് ജനങ്ങൾ രോഗ പ്രതിരോധത്തിന് ആയുഷ് ചികിത്സാ ശാഖകളെ ധാരാളമായി ആശ്രയിച്ചു.
മികച്ച സൗകര്യങ്ങളാലും ഗുണമേന്മയുള്ള ചികിത്സയാലും ആയുഷ് മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് കൂടാതെ വിവിധ മാധ്യമങ്ങൾ വഴി ശക്തമായ അവബോധമാണ് ആയുഷ് മേഖലയിൽ നടത്തിവരുന്നത്. ഇതെല്ലാമാണ് ദേശീയ ശരാശരിയേക്കാളും ഉയർന്നതോതിൽ ആയുഷ് ചികിത്സാരീതികൾ, ഔഷധസസ്യങ്ങൾ, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ കേരളം മുന്നിലെത്താൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ആയുഷ് ശാഖകളെ പറ്റിയുള്ള അവബോധത്തിലും ഉപയോഗത്തിലും ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളം. സർവേ പ്രകാരം ആയുഷ് ആരോഗ്യ ശാഖകളെ പറ്റിയുള്ള അവബോധം കേരളത്തിലെ നഗര മേഖലകളിൽ 99.3 ശതമാനവും ഗ്രാമീണ മേഖലകളിൽ 98.43 ശതമാനവും ആണ്. കേരളത്തിലെ ആയുഷ് മേഖലയെപ്പറ്റി സമഗ്രവും ആഴത്തിലുള്ളതുമായ വിവരങ്ങളാണ് ദേശീയ സാമ്പിൾ സർവ്വേ വഴി ലഭിച്ചിട്ടുള്ളത്.
98 ശതമാനം ആൾക്കാരിലും ആയുഷ് ശാഖകളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. നഗര, ഗ്രാമീണ മേഖലകളിൽ 52 ശതമാനം ആളുകൾ ചികിത്സ ആവശ്യങ്ങൾക്കായി ആയുഷ് ശാഖകളെ ആശ്രയിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള 38.64 ശതമാനം പേരും നഗര പ്രദേശങ്ങളിലുള്ള 31.98 ശതമാനം പേരും ആയുർവേദ ശാഖ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഔഷധ സസ്യങ്ങൾ ആരോഗ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി 99 ശതമാനം വീട്ടുകാർക്കും കൃത്യമായിട്ടുള്ള അവബോധമുണ്ട്.
ആയുഷ് ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ഓരോ വ്യക്തിയ്ക്കും ചെലവാക്കുന്ന തുക ഗ്രാമീണ മേഖലയിൽ ദേശീയ ശരാശരിയുടെ ഇരട്ടിയും നഗര മേഖലകളിൽ രണ്ടിരട്ടിയുമാണ്. പത്തിൽ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കിൽ മരുന്ന് ഫലവത്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പത്തിൽ നാല് വീടുകളും ആയുഷ് ചികിത്സയുടെ മുൻകാല ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണ്. ആയുഷ് മേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സർവേ.