ബേക്കലിന്റെ സൗന്ദര്യം നുകര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
കടലിൻ്റെ മനോഹാരിതയിൽ തിളക്കുന്ന ബേക്കലിന്റെ സൗന്ദര്യം നുകര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്. നാല് ദിവസത്തെ അവധിക്കാല വിശ്രമത്തിനായി കേരളത്തിലെത്തിയ മുഖ്യമന്ത്രി ബേക്കൽകോട്ടയും കടൽത്തീരവും സന്ദർശിച്ചു. വലിയപറമ്പ് കായലിൽ ബോട്ട് യാത്രയും നടത്തി.
കേരള സന്ദർശനത്തിൻ്റെ അവിസ്മരണീയ അനുഭവങ്ങളുമായി അദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി സംസാരിച്ച് ജാര്‍ഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലില്‍ എത്തിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം അധികം താമസിച്ചു.
ബി.ആര്.ഡി.സി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്. വലിയപറമ്പ് കായലില്‍ ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കേരളത്തിന്റെ മനോഹാരിതയെക്കുറിച്ചും ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു.
പുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലുദിവസവും കഴിച്ചത്. ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ബി.ആര്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന് കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് നല്കി.