ബാഡ്മിൻ്റൻകാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
ബാഡ്മിന്റൻ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ പന്ത്രണ്ട് വയസുള്ള ബാലികയാണ് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ജന്മനാ കേള്‍വിക്കുറവുള്ള ബാലിക രണ്ടാഴ്ച മുമ്പ് നടന്ന ബാഡ്മിന്റൻ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയറില്‍ വീര്‍പ്പും അനുഭവപ്പെട്ടു. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി.
ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയില്‍ ഉള്ള ഭിത്തി) നടുവിലായി കുറച്ചു ഭാഗത്ത് കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനില്ക്കുന്ന അപാകത കുട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു. ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്ട്രേഷന് എന്ന വളരെ അപൂര്‍വമായി കണ്ടുവരുന്ന അവസ്ഥയാണ് കുട്ടിയുടെ രോഗത്തിന് കാരണം.
ബാഡ്മിന്റണ്‍ കളിയുടെ സമയത്ത് വയറിനകത്തെ മർദ്ദം കൂടുകയും ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തിലൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുക ചെയ്തു. തുടർന്ന് ആമാശയം മടങ്ങി തടസപ്പെട്ട് വീര്‍ത്ത് ഗ്യാസ്ട്രിക് വോള്‍വുലസ് എന്ന അവസ്ഥ ഉണ്ടായി. ആമാശയം പൊട്ടി, കഴിച്ച ഭക്ഷണമെല്ലാം വയറിനകത്ത് ചിതറി.
ശസ്ത്രക്രിയ സമയത്ത് ഭക്ഷണശകലങ്ങള്‍ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു. പിന്നീട് ഇതു പോലെ വോള്‍വുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു. മികച്ച പരിചരണം നല്കി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.