തെളിമ പദ്ധതി: റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം
തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജി. ആർ.അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് റേഷൻ ഡിപ്പോയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി.
അപേക്ഷകൾ കൃത്യമായി പരിശോധിച്ച് തെറ്റുകൾ തിരുത്തി കാർഡ് നൽകും.എൽപിജി, വൈദ്യുതി കണക് ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ/ എ.എ.വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.
ഈ സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.