നീലേശ്വരം വെടിക്കെട്ട് അപകടം: 101 പേർ ചികിത്സയിൽ
പരിക്കേറ്റവർ 13 ആശുപത്രികളിൽ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആറു പേർ
കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101പേർ13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടത്തിനിടെ തിങ്കളാഴ്ച രാത്രി 12 മണിയോടെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ 80 പേർ വാർഡുകളിലും 21 പേർ ഐ.സി.യുവിലുമാണ്. ഐ.സി.യുവിൽ ഉള്ളവരിൽ ഒരാളുടെ നില ഗുരുതരവും ഏഴുപേർ വെൻറിലേറ്ററിലുമാണ്. പരിക്കേറ്റവരിൽ ആറ് പേർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മിംസ് ആശുപത്രിയിൽ ആറുപേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ വെൻറിലേറ്ററിലാണ്. നാലു വയസ്സുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. വെൻറിലേറ്ററിൽ ഉള്ളവരിൽ അറുപത് ശതമാനം പൊള്ളലേറ്റവരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്കിൻ ഗ്രൈൻഡിങ് ഉൾപ്പെടെയുള്ള ചികിത്സ ആവശ്യമാണ്.
സർക്കാറുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളൽ ചികിൽസിക്കുന്ന നാഷണൽ ബേൺ സെൻറർ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.
സ്കിൻ ഗ്രൈൻഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇതുകാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സ വളരെ ഗൗരവമായിത്തന്നെ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച കാര്യങൾ പരിശോധിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് തലത്തിലും കളക്ടറുടെ നിർദ്ദേശപ്രകാരം എ.ഡി.എം തലത്തിലും രണ്ട് അന്വേഷണങ്ങൾ നടക്കുന്നതായി മന്ത്രി അറിയിച്ചു.
കളിയാട്ടത്തിനിടെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വെടിക്കെട്ട് നടന്നത്. ഈ സമയം മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം നടക്കുകയായിരുന്നു. പടക്കം പൊട്ടിച്ചപ്പോൾ വെടി മരുന്ന് സൂക്ഷിച്ച മുറിയിൽ തീപ്പൊരി വീണ് പടക്കത്തിന് തീപ്പിടിക്കുകയായിരുന്നു. പത്താമുദയത്തിൽ വടക്കൻ കേരളത്തിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെയാണ്.
പരിക്കേറ്റവരെ മാവുങ്കാല് നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയിലും മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലും പ്രവേശിപ്പിച്ചു.