കൃഷ്ണനാട്ടം പുരസ്ക്കാരം ഇ.രാജുവിനും സി.ഡി. ഉണ്ണിക്കൃഷ്ണനും

2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള  ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ചുട്ടി ആശാൻ ഇ.രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ  വരുന്ന ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്ക്കാരം.

നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്ക്കാരത്തിന്  തൊപ്പി മദ്ദളം ഗ്രേഡ് ഒന്ന് കലാകാരൻ സി.ഡി.ഉണ്ണിക്കൃഷ്ണനെ തെരഞ്ഞെടുത്തു. ഒക്ടോബർ 13 മുതൽ 21 വരെയുളള  കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്ക്കാരം. സദനം ഹരികുമാർ, കഥകളി പാട്ട് ആശാൻ കലാനിലയം ഉണ്ണിക്കൃഷ്ണൻ, കൃഷ്ണനാട്ടം ചുട്ടി ആശാനായിരുന്ന കെ.ടി.ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട പുരസ്ക്കാര സമിതിയാണ്  ജേതാക്കളെ തെരഞ്ഞെടുത്തത്.

അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് ഗോകുൽ മധുസൂദനൻ, അതുൽ കൃഷ്ണ (പാട്ട്),കൃഷോദ് (ശുദ്ധമദ്ദളം),ഗൗതം കൃഷ്ണ.എ(തൊപ്പി മദ്ദളം),ജിതിൻ ശശി (ചുട്ടി), വി.രാഹുൽ(അണിയറ) എന്നിവരെയും തെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ തുലാം മുപ്പതിന് (നവംബർ 15) ശ്രീഗുരുവായൂരപ്പൻ ഓ ഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ  പുരസ്ക്കാരങ്ങൾ സമ്മാനിക്കും