സിയാൽ ശൈത്യകാല സമയക്രമം: പ്രതിവാരം1576 സർവീസുകൾ
യു.എ.ഇ ലേക്ക് 134 പ്രതിവാര സർവീസുകൾ
ചെന്നൈ, ബാംഗ്ലൂർ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിനം അധിക ഫ്ലൈറ്റുകൾ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശൈത്യകാല വിമാന സർവീസുകളുടെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. 2024 ഒക്ടോബർ 27മുതൽ മാർച്ച് 29വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ1480 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ1576 പ്രതിവാര സർവീസുകളാവും.
രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ ഏഴും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31സർവീസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്. പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യു.എ.ഇയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം134 ആയിരിക്കും.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്. എത്തിഹാദ്-28, എയർ അറേബ്യ അബുദാബി-28, എയർ ഏഷ്യ-18, എയർ ഇന്ത്യ-17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ്-14, എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ.
തായ് എയർവേയ്സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള ത്രിവാര പ്രീമിയം സർവീസുകൾ ആഴ്ചയിൽ അഞ്ച് ദിവസമായി കൂട്ടി. ഇതോടെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം15 സർവീസുകൾ ഉണ്ടാകും. തായ് എയർ ഏഷ്യ, തായ് ലയൺ എയർ എന്നീ സർവീസുകൾ ഉൾപ്പെടെയാണിത്. കൂടാതെ വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങും.
ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂർ-112, മുംബൈ-75, ഡൽഹി- 63, ചെന്നൈ- 61, ഹൈദരാബാദ്-52, അഗത്തി-15, അഹമ്മദാബാദിലേക്കും കൊൽക്കത്തയിലേക്കും14, പുണെ- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴ് വീതവും സേലത്തേക്ക് അഞ്ച് സർവീസുകളുമാണ് സിയാൽ ശൈത്യകാല സമയക്രമത്തിൽ പ്രവർത്തിക്കുക.
എയർ ഇന്ത്യ എക്സ്പ്രസ് ബാംഗ്ലൂരിലേക്ക് 10 ചെന്നൈയിലേക്ക് 7, പുണെയിലേക്ക് 6, ഹൈദരാബാദിലേക്ക് 5 എന്നിങ്ങനെ അധികമായി സർവീസ് നടത്തും. ആകാശ എയർ അഹമ്മദാബാദിലേക്ക് പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും. അന്താരാഷ്ട-ആഭ്യന്തര മേഖലയിൽ ആഴ്ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.
2023-24 സാമ്പത്തിക വർഷത്തിൽ 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച സിയാൽ ഒരു കലണ്ടർ വർഷത്തിലും സാമ്പത്തിക വർഷത്തിലും10 ദശലക്ഷം യാത്രക്കാർ എത്തിച്ചേർന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി. ഇന്ത്യൻ വ്യോമയാന മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി സൗകര്യങ്ങൾ നടപ്പിലാക്കാൻ കമ്പനി ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.