സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ തിരുവനന്തപുരത്ത്
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
നാഷണൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ പതിനഞ്ചിനകവും ഉപജില്ലാ മത്സരങ്ങൾ നവംബർ പത്തിനകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും.
സ്കൂൾ ക്യാമ്പസുകൾ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനായി പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബർ ഒന്നോടെ 50 ശതമാനം സ്കൂളുകളെയും ഡിസംബർ 31ഓടെ നൂറു ശതമാനം സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.