ഞങ്ങളുടെ ഓണപ്പതിപ്പിൽ നിങ്ങൾക്കും എഴുത്തുകാരാകാം
മലയാളത്തിൽ ആദ്യമായി
ഞങ്ങളുടെ ഓണപ്പതിപ്പിൽ നിങ്ങൾക്കും എഴുത്തുകാരാകാം. 300 പേജുള്ള ഓണപ്പതിപ്പിൽ ആദ്യത്തെ 10 പേജ് വായനക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നു. നിങ്ങളുടെ രചനകൾ അതിലെഴുതാം. പ്രമുഖർക്കൊപ്പം എഴുത്തുകാരാകാം !
ഇത് ചലഞ്ച് ഓണം
പായസ ചലഞ്ച്, പപ്പടം ചലഞ്ച്, ഓണത്തപ്പൻ ചലഞ്ച്, പൂക്കള ചലഞ്ച്, ബിരിയാണി ചലഞ്ച്, പൊറോട്ട ചലഞ്ച്… ചലഞ്ച് കാരണം വീട്ടിലിരിക്കാനും പുറത്തിറങ്ങാനും പറ്റാതായി.
പൂക്കള വിപണി ഉണർന്നു
പൂവിനു പകരം പൂക്കളം വാങ്ങൂ ! ഏതു വലുപ്പത്തിലും ഡിസൈനിലുമുള്ള പൂക്കളങ്ങൾ ഓർഡറനുസരിച്ച് നിർമിച്ച് അതിരാവിലെ എത്തിച്ചുനൽകുന്നു. ചവിട്ടി പോലെ എവിടെ വേണമെങ്കിലും എടുത്തിടാം !
മാവേലിയുടെ പടം
അച്ഛൻ : കൊച്ചെന്താ നിർത്താതെ കരയുന്നത് ? അമ്മ : പത്രത്തിലെ മാവേലിയുടെ പടം കണ്ടു പേടിച്ചതാ.
ഓണസാഹിത്യകിറ്റ്
ഓണസാഹിത്യകിറ്റ് ഞെട്ടിക്കുന്ന വിലക്കുറവിൽ! 50 കഥകൾ,150 കവിതകൾ,75 സിനിമക്കാരുടെ ഓണം സ്മൃതികൾ,15 അഭിമുഖങ്ങൾ. വില- 99.999. ഓരോ കിറ്റിനൊപ്പം ഇക്കൊല്ലം പ്രകാശനം ചെയ്യപ്പെട്ട ഓരോ പുസ്തകക്കവർ സൗജന്യം !
വേസ്റ്റ് എടുക്കാനുണ്ടോ
ഹരിതകർമ്മ സേനാംഗങ്ങൾ :
ഇവിടെ വേസ്റ്റ് എടുക്കാനുണ്ടോ? വീട്ടമ്മ: ദേ, ആ ചെറിയ ചാക്കിലുള്ളത് എടുത്തോ. ഓണപ്പതിപ്പുകളാണ്.
എൻ്റെ കഥ
കഥാകൃത്ത്: ഓണപ്പതിപ്പിൽ എൻ്റെ കഥയുണ്ട്. ഭാര്യ: വായിച്ചോളൂ.
കഥാകൃത്ത്: എൻ്റെ കഥ ഞാനെന്തിനു വായിക്കണം ? ഭാര്യ: അത് വേറെയാരു വായിക്കാനാ !
(മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ)
This is a grand idea by Mathrubhumi…Participation by the common man/woman will greatly enhance your reputation and popularity..God bless