നെഹ്റു ട്രോഫി വള്ളംകളി 28ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വീണ്ടും വള്ളം കളിയുടെ ആരവമുയരുന്നു. 70-ാമത് നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴ പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വള്ളംകളി മാറ്റിവെച്ചിരുന്നു.
ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വള്ളംകളി നടത്താൻ തീരുമാനമായത്.
യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കൃഷി മന്ത്രി പി. പ്രസാദാണ് വള്ളംകളി നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയ കാര്യം അറിയിച്ചത്. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിനെ ഉൾപ്പെടെ പ്രമുഖരെ വള്ളംകളി ദിനത്തിൽ അതിഥിയായി പങ്കെടുപ്പിക്കാൻ ശ്രമം നടത്തണമെന്ന് ഓൺലൈനായി പങ്കെടുത്തുകൊണ്ട് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചു. നിലവിൽ ടിക്കറ്റ് എടുത്തവർക്ക് ആ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതുക്കിയ തീയതിയിൽ വള്ളം കളി കാണുന്നതിന് അവസരമൊരുക്കും.