ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

മുണ്ടക്കൈ,ചൂരല്‍മല ഉരുൾപൊട്ടൻ ദുരന്ത ബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോകാൻ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും.

മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളും മറ്റും സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ.രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.

സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കും. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ ദുരന്തസന്ദര്‍ഭത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തുമെന്നും ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായും മന്ത്രിസഭ ഉപസമിതി പറഞ്ഞു.

ഇതിനു പുറമെ, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി.

ഇവിടെയുണ്ടായതിനേക്കാള്‍ ജീവഹാനി കുറഞ്ഞ ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ച് ഫണ്ട് നല്‍കിയ ചരിത്രമുണ്ടെന്നും അതിന് സമാനമായ ഫണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ കാര്യത്തിലും. അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു, കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ മന്ത്രിസഭാ ഉപസമിതിയിലെ മറ്റ് അംഗങ്ങളായ എ.കെ. ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍പങ്കെടുത്തു