കേരളത്തിൽ അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നു
കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച്ച അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും ഒഡിഷക്കുംമുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോടു കൂടിയ മിതമായ, ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ15ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.