കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തും
തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലവർഷം മെയ് 19 ഓടു കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരും.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂന മർദ്ദപാത്തി രൂപപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴിചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ഇടിയും മിന്നലും കാറ്റോടും (മണിക്കൂറിൽ 49-50 കിലോമീറ്റർ വേഗത) കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്19, 20 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും മെയ് 18 മുതൽ മെയ് 22 വരെ ഒറ്റപ്പെട്ടതും അതി ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇത് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.