സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള തുടങ്ങി
സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടങ്ങി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനുവരി എട്ട് വരെയാണ് മേള. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് കരകൗശല മേള സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രീലങ്കയാണ് പാർട്ണർ രാജ്യമായി മേളയിൽ പങ്കെടുക്കുന്നത്. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നാന്നൂറിൽപ്പരം കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പിന്റെ പ്രദർശന പവിലിയൻ, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള “ഗ്രീൻ മൊബിലിറ്റി എക്സ്പോ”, കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയുമുണ്ട്.
ചടങ്ങിൽ പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും നബാർഡ് പവലിയൻ നബാർഡ് ഡി.ഡി.എം. മുഹമ്മദ് റിയാസും പൈതൃകം പവലിയൻ ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ.വി.ജയരാജനും ഉദ്ഘാടനം ചെയ്തു.
അതിഥികൾക്കുള്ള ഉപഹാര സമർപ്പണം യു.എൽ.സി.സി മാനേജിംഗ് ഡയറക്ടർ ഷാജു എസ് നിർവഹിച്ചു. സര്‍ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി. ഭാസ്ക്കരൻ സ്വാഗതവും ജനറൽ മാനേജർ ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.