ന്യൂനമർദ്ദം മൂലം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ന്യൂനമർദ്ദം മൂലം കേരളത്തിൽ ജുലായ് 25 മുതൽ 27 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത. 25 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിൽ ചക്രവാതച്ചുഴിയുമുണ്ട്. തെക്കൻ പാകിസ്ഥാന് മുകളിൽ മുകളിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.