ഗുരുവായൂരിൽ ആനകൾക്ക് സുഖചികിത്സ തുടങ്ങി
അരിയും ചെറുപയറും മുതിരയും റാഗിയും ചേർത്ത ഭക്ഷണം. ഒപ്പം ച്യവനപ്രാശവും അഷ്ടചൂർണ്ണവും അലോപ്പതി മരുന്നുകളും. ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങി.
ദേവസ്വം കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകി സുഖചികിത്സയ്ക്ക് മന്ത്രി ജെ.ചിഞ്ചുറാണി തുടക്കമിട്ടു.
3690 കിലോ അരി,1230 കിലോ ചെറുപയർ / മുതിര,1230 കിലോ റാഗി,123 കിലോ അഷ്ട ചൂർണ്ണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. വാർഷിക സുഖചികിത്സക്കായി 12.5 ലക്ഷം രൂപയാണ് ചെലവ്.
ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിത്സ നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. സുഖചികിത്സയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ മന്ത്രി നിർവ്വഹിച്ചു.
ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ വാർഡ് കൗൺസിലർ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ. ഇ.എസ്.മായാദേവി, അസി.മാനേജർ എം.കെ. സുഭാഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം ഭരണസമിതി അംഗവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ സ്വാഗതവും ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇ.എസ്. മായാദേവി നന്ദിയും പറഞ്ഞു. നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ.പി.ബി.ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഒരു മാസത്തെ സുഖചികിത്സ ജൂലൈ 30ന് അവസാനിക്കും. സുഖചികിത്സയിൽ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 41ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. 18 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി, ഡോ.ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.