ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് തുലാഭാരം നടത്തി. തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ഗവർണർ ക്ഷേത്രത്തിലെത്തിയത്. ഗോപുര കവാടത്തിന് മുന്നിൽ നിന്ന് അദ്ദേഹം ഗുരുവായുർ കണ്ണനെ തൊഴുതു. പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗവർണർക്ക് നൽകി.
പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം വേണ്ടിവന്നു. ഇതിന് ചെലവായ 4250 രൂപ ദേവസ്വത്തിൽ അടച്ചു. തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി.
വൈകുന്നേരം ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ ഗവർണറെ ഷാളണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി മ്യൂറൽ ചിത്രം നൽകി. ജില്ലാ ഭരണകൂടത്തിനു വേണ്ടി ചാവക്കാട് തഹസില്‍ദാർ എം.കെ. ഇന്ദു ഗവർണറെ സ്വീകരിക്കാനെത്തി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, പി.ആർ.ഒ വിമൽ.ജി നാഥ്, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരും സന്നിഹിതരായിരുന്നു.