കേരളം ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം – മുഖ്യമന്ത്രി

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ കാമ്പെയിൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജലലഭ്യത കേരളത്തിൽ കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജലസംഭരണം ഉറപ്പാക്കുന്നതിന് ജല ഉപഭോഗം കണക്കാക്കി പരിപാടികൾ ആവിഷ്‌കരിക്കേണ്ടതുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുടിവെള്ള ത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. 44 നദികളും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് കേരളം. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭാഗമായി കേരളത്തിലെ പല ഭാഗങ്ങളിലും വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ട്.

അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജനകീയ ജല ബജറ്റ്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് ജല ബജറ്റിന് രൂപം നൽകുന്നത്. ആദ്യഘട്ടമായി 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കിയത്.

 ‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാലുകളുടെയും പുഴകളുടെയും വീണ്ടെടുപ്പിനായി വിഭാവനം ചെയ്ത പദ്ധതിയാണ്. പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ നൂറുകണക്കിന് ജലസ്രോതസ്സുകൾ സംസ്ഥാന വ്യാപകമായി വീണ്ടെടുത്തു. വീണ്ടെടുത്ത വരട്ടാറും കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവനവും മികച്ച മാതൃകകളായി- മുഖ്യമന്ത്രി പറഞ്ഞു.

ജലബജറ്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമ പദ്ധതി -2 കോർഡിനേറ്റർ ഡോ. ടി എൻ സീമ സംസാരിച്ചു. ജനകീയ ജലബജറ്റിന്റെ സാങ്കേതിക നിർവഹണ റിപ്പോർട്ട് റിട്ട. സീനിയർ സയന്റിസ്റ്റ് സുശാന്ത് സി.എം. അവതരിപ്പിച്ചു. ജനകീയ മാപ്പത്തോൺ മാപിംഗ്-പുസ്തകം മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. എം.എൻ.ആർ.ഇ.ജി.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ പി. ബാലചന്ദ്രൻ നായർ പുസ്തകം ഏറ്റുവാങ്ങി. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവൽ, ഡപ്യൂട്ടി എൻജിനിയർ പൂർണ, ഡി.ഡബ്‌ള്യൂ.ആർ.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, കെ.സുരേഷ്, ടി.പി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *