‘കാംകോ’യിലെ എട്ട് ഏക്കർ നെൽകൃഷി വിളവെടുത്തു

തൃശ്ശൂർ അത്താണിയിലെ  കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ നെൽക്കുഷിയിൽ നൂറുമേനി. എട്ട് ഏക്കർ സ്ഥലത്തെ നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. പത്തു വർഷം മുമ്പ് കാർഷിക പുരോഗതിക്കായി രൂപീകരിച്ച കാംകോയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
 
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കാർഷിക വ്യാപനം സാദ്ധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ കാർഷിക പുരോഗതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും  കാർഷിക സർവ്വകലാശാലയുടെയും  മറ്റ് സർക്കാർ ഏജൻസികളുടെയും കർഷകരുടെയും  യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. അതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.   
 
മാനേജിംഗ് ഡയറക്ടർ വി.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിലൂടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനായി 50 വർഷമായി കൃഷി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കാംകോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
 
കാംകോ കമ്പനിയുടെ തരിശായി കിടന്ന സ്ഥലങ്ങളിൽ കർഷക മിത്രയുടെ നേതൃത്വത്തിൽ നെല്ല്, പച്ചക്കറി, വാഴ, ഫലവൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞ്, കാംകോ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ. ചാക്കോച്ചൻ, ബുഹാരി, സി.കെ ഗോപി, ജെസ്സി ജോർജ്ജ്, ഷിജു സി.എൻ, എസ് രമേശൻ എന്നിവർ പങ്കെടുത്തു.
 

Leave a Reply

Your email address will not be published. Required fields are marked *