പടവ് 2023: സംസ്ഥാന ക്ഷീര സംഗമം 10 ന് തുടങ്ങും
സംസ്ഥാന ക്ഷീര കർഷക സംഗമം ‘പടവ് – 2023’ ഫെബ്രുവരി 10 മുതൽ 15 വരെ മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഏറ്റവും കൂടുതൽ പാലുൽപ്പാദിച്ച കർഷകനുള്ള ക്ഷീര സഹകാരി അവാർഡ് സജു ജെ. എസിന് മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം ചെയ്യും. മേഖലാതല ക്ഷീരകർഷകരെ മന്ത്രിമാരായ ഡോ.ആർ ബിന്ദു, കെ. കൃഷ്ണൻ കുട്ടി, പി.പ്രസാദ് എന്നിവർ ആദരിക്കും. ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് മന്ത്രി കെ.രാജൻ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 9.30ന് സർക്കാരിന്റെ മൂന്നാംഘട്ട നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയുള്ള ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ മന്ത്രി ജെ.ചിഞ്ചു റാണി നിർവ്വഹിക്കും.
ഫെബ്രുവരി 11ന് രാവിലെ 9.30ന് സ്റ്റേറ്റ് ഡയറി എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവ്വഹിക്കും. വൈകുന്നേരം അഞ്ചു മണിക്ക് കലാസന്ധ്യയുടെ ഉദ്ഘാടനം നടൻ ജയറാം നിർവ്വഹിക്കും. ജയറാമിന്റെ നേതൃത്വത്തിലുള്ള താളവിസ്മയം പരിപാടിയും അരങ്ങേറും. ഫെബ്രുവരി 13 ന് ഘോഷ യാത്ര മന്ത്രിമാരായ കെ രാജനും, മന്ത്രി ജെ ചിഞ്ചു റാണിയും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്യും. ക്ഷീര കർഷക സെമിനാർ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ക്ഷീര കലാസന്ധ്യയുടെ ഉദ്ഘാടനം മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും.
ഫെബ്രുവരി 14ന് ക്ഷീര സംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശിൽപ്പശാല മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മികച്ച പരിപാലനം ആദായം എന്ന വിഷയത്തിൽ നടക്കുന്ന സംവാദ സദസ്സ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ക്ഷീരകർഷക മുഖാമുഖം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സഹകാരി സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട മാധ്യമ അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. ക്ഷീര അദാലത്ത്, ക്ഷീരോൽപ്പാദക -ശേഖരണ – വിതരണ കേന്ദങ്ങളും ഭവനങ്ങളും സന്ദർശിക്കുന്ന ക്ഷീര സ്പന്ദനം പരിപാടി, സെമിനാറുകൾ, ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ക്ഷീരസംഗമത്തിന്റെ ഭാഗമായി നടക്കും
മന്ത്രി കെ. രാജൻ, കെ. ബാലചന്ദ്രൻ എം.എൽ. എ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ. കൗശിഗൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.