ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരിൽ

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരിൽ എത്തിയത്. വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ഇരുവരുടെയും സന്ദർശനം

ശ്രീവത്സം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. തുടർന്ന് ദേവസ്വം ഭരണസാരഥികൾക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി സോപാനത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുത് അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു.

കൊടിമരച്ചുവട്ടിൽ വെച്ച് പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആനന്ദിനും രാധികയ്ക്കും നൽകി. ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിൻ്റിങ്ങും സമ്മാനിച്ചു.

ഗുരുവായൂരിലെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും സംഘം സന്ദർശിച്ചു. കൊമ്പൻ ഇന്ദ്രസെന്നിന് ആനന്ദും രാധികാ മർച്ചൻ്റും പഴം നൽകി. ഏതാനം മിനിട്ട് ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്.

ജനുവരി 19 ന് മുംബൈയിലാണ്‌ ആനന്ദിൻ്റെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവൽസത്തിലെത്തിയത്.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ

One thought on “ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരിൽ

  1. ഇഷ്ടം പോലെ ഖജനാവിലേക്ക് കിട്ടി കാണുമല്ലോ

Leave a Reply

Your email address will not be published. Required fields are marked *