സ്ക്കൂൾ കലോത്സവം കോഴിക്കോട്ട് 3 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 പതിനാലായിരത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും

ഒരുക്കങ്ങൾ പൂർത്തിയായി- മന്ത്രി വി. ശിവൻകുട്ടി

ജനുവരി മൂന്നു മുതൽ ഏഴു വരെ  കോഴിക്കോട്  നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവത്തിൽ 239 മത്സര ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും അതിന്റെ നൃത്താവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ട വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗവൺമെന്റ് മോഡൽ സ്‌കൂളില്‍ ജനുവരി 2ന് രാവിലെ 10.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനായി ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 20 സ്‌കൂളുകൾ സജ്ജമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കുക. മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. അതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്.

24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി രണ്ടു മുതൽ റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മത്സരാർത്ഥികളെ രജിസ്‌ട്രേഷൻ കൗണ്ടറിലേക്കും താമസ സ്ഥലത്തേക്കും ഭക്ഷണ പന്തലിലേക്കും എത്തിക്കുന്നതിന് ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

വേദികൾ, ഭക്ഷണ പന്തൽ, റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവ അറിയുന്നതിനുള്ള ക്യൂ.ആർ കോഡ് സിസ്റ്റം സിറ്റി പോലീസിന്റെ സഹകരണത്തോടെ നൽകും. മത്സരവേദികളിലേയും നഗരത്തിലേയും ക്രമ സമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി സിറ്റി പോലീസ് കമ്മീഷണുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ഡിസംബർ 31 ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്‌റുടെ കയ്യിൽ നിന്ന്  കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റു വാങ്ങുന്ന സ്വർണ്ണകപ്പിന് കോഴിക്കോടിന്റെ അതിർത്തിയായ രാമനാട്ടുകരയിൽ സ്വീകരണം നൽകും. അച്യുതൻ ഗേൾസ് എൽ.പി. സ്‌കൂൾ വേദിയിലാണ് സംസ്‌കൃതോത്സവം നടക്കുന്നത്. എം.എം.സ്‌കൂൾ പരപ്പിൽ വേദിയിലാണ് അറബിക് കലോത്സവം.

ജനുവരി 3 ന് രാവിലെ 8.30 ന് ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. സ്‌കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി ഏഴിന് വൈകുന്നേരം നാലു മണിക്ക് സമാപന സമ്മേളനവും നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ  സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ സുവനീർ പ്രകാശനം നിർവഹിക്കും.

വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ മന്ത്രി നിർവ്വഹിക്കും. മന്ത്രിമാരായ റോഷിഅഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, എം. കെ. രാഘവൻ എം.പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.കെ. രമ എം. എൽ എ, ഡി.ഡി.ഇ ജീവൻ ബാബു, എ.ഡി.പി.ഐ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *