കാലാവസ്ഥാ വ്യതിയാനം ഇനി കുട്ടികൾ പറഞ്ഞു തരും

പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാൻ ഇതാ കുട്ടികൾ തയ്യാറായി കഴിഞ്ഞു. കോഴിക്കോട്‌ മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ
പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കിയത്. 80,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഒരു പ്രദേശത്തിൻ്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും, കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു. ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. 

വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനും, പൊതു സമൂഹത്തിന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും മേപ്പയൂർ സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ശേഖരിക്കപ്പെടുന്ന ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ചടങ്ങിൽ മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. എസ്. എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതവും അധ്യാപിക വി.ആർ അനുഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *