ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയ്യതികളിൽ

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയ്യതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ
മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തത്.

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ 4ന് ദേവസ്വം വക വിളക്കാഘോഷം. ഡിസംബർ 3നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും. പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3 ന് തന്നെ നടക്കും. ഗജരാജൻ കേശവൻ അനുസ്മരണം നേരത്തെ നിശ്ചയിച്ചതു പോലെ ഡിസംബർ രണ്ടിന് നടത്തും.ചെമ്പൈ സംഗീതോത്സവം ഡിസംബർ 3 ന് സമാപിക്കും.

ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്. 57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ 3 നാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെയും ഊരാളൻ്റെയും അഭിപ്രായ മനുസരിച്ച് ഡിസംബർ 3ന് ഏകാദശിയായി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചത്.

പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992-93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ വൃശ്ചികം 18 നും (ഡിസംബർ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.  ദ്വാദശി പണ സമർപ്പണം ഡിസംബർ 4 രാത്രി 12 മണി മുതൽ ഡിസംബർ 5 രാവിലെ 9 മണി വരെ നടക്കും. ശീട്ടാക്കിയ വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം അന്ന് ക്ഷേത്രം നട അടയ്ക്കും. ത്രയോദശി ഊട്ട് ഡിസംബർ 6 ന് നടത്തും.

എകാദശി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ. ചോറൂൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല. ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. യോഗത്തിൽ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *