കേരളത്തിൽ ഡിജിറ്റൽ റീസർവ്വെ തുടങ്ങുന്നു; നാലു വർഷം കൊണ്ട് പൂർത്തിയാകും

ആധുനിക സർവ്വെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ എല്ലാ ജില്ലകളിലും നവംമ്പർ ഒന്നിന് ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് റീസര്‍വ്വെ നടപടികള്‍ 1966-ല്‍ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ‘എൻ്റെ ഭൂമി’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വ്വെയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കും. പദ്ധതിയുടെ വിജയത്തിനായി ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പദ്ധതി ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് തുടങ്ങുന്നത്. (തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, ത്യശൂർ-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-8, കണ്ണൂർ-14, കാസർകോട് -18). ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും സർവ്വെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റൽ സർവ്വെ നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *