അർത്തുങ്കൽ പള്ളിയിൽ നിന്ന് വേളാങ്കണ്ണി കെ.എസ്.ആര്‍.ടി.സി. ബസ്സ്‌

ചേർത്തല അർത്തുങ്കൽ പള്ളിയിൽ നിന്ന് വേളാങ്കണ്ണി വരെയുള്ള കെ.എസ്.ആര്‍.ടി.സി. സൂപ്പർഫാസ്റ്റ് ബസ്സ്‌ സർവ്വീസ് തുടങ്ങിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേർത്തലയിൽ നിന്ന് പുറപ്പെട്ട് അർത്തുങ്കലിൽ എത്തി 2.30ന് അവിടെ നിന്നും വേളാങ്കണ്ണിക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 6.45 ന് വേളാങ്കണ്ണിയിലെത്തും.

ഭക്തജനങ്ങൾക്ക് രാവിലെ ഒമ്പത് മണിക്കുള്ള മലയാളം കുർബാനയിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ബസ്സിന്റെ സമയക്രമീകരണം. തിരിച്ച് വൈകുന്നേരം 5.30ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.15ന് ചേർത്തലയിലെത്തും.

ചേർത്തലയിലെ പൊതു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് അർത്തുങ്കൽ വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് ബസ്സ്‌ സർവീസ് ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

കോയമ്പത്തൂർ, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ്സ്‌
എത്തുന്നത്. ഭക്തജനങ്ങളെ കൂടാതെ ട്രിച്ചി, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും കോയമ്പത്തൂരിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും ബസ്സ്‌ സർവ്വീസ് പ്രയോജനപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *