തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മേൽപ്പാലം പൂർത്തിയായി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപം എത്തിച്ചേരുന്നതാണ് മേൽപ്പാലം.
മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റര്‍
പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കാമ്പസിലുള്ള ആറ് പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു
ഈ പ്ലൈഓവര്‍ വരുന്നതോടുകൂടി കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയയൊരു പാത തുറക്കപ്പെടുകയാണ്. ഇത് ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കും. ഇതോടുകൂടി ക്യാമ്പസിന് പ്രധാന റോഡുകളുമായി മൂന്നു പാതകള്‍ തുറക്കപ്പെടുകയാണ്.
കിഫ്ബി ഫണ്ടുപയോഗിച്ച് ഇന്‍കെല്‍ മുഖേനയാണ് പദ്ധതി സാക്ഷാത്ക്കരിച്ചത്. ഇന്ത്യയില്‍ അപൂര്‍വ്വമായ ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ഇനി തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്.