ചെറുമത്സ്യങ്ങളെ വളത്തിനായി പിടിക്കുന്നത് തടയാൻ നടപടി
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമ വിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ.എം.എഫ്.ആർ കാലോചിതമായി പരിഷ്ക്കരിക്കുകയും പുതിയ ചട്ടങ്ങൾ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന കാലയളവ് കേരളത്തില്‍ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാല്‍ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങള്‍ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വില്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ചെറുമത്സ്യങ്ങളെ ഇങ്ങനെ വന്‍തോതില്‍ പിടിച്ച് നശിപ്പിക്കുന്നത് കടല്‍ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാല്‍ അത്തരം തെറ്റായ മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ യാനത്തിന്റെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.