കോട്ടയം മെഡി.കോളേജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തത്. രണ്‍ദീപിന് കുറച്ചുനാള്‍ കൂടി തുടര്‍ ചികിത്സയും വിശ്രമവും ആവശ്യമാണ്. കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്തിയെ ഒരാഴ്ച മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നതായി മന്ത്രി അറിയിച്ചു.

കഴിഞ്ഞ പത്താം തീയതി കോട്ടയം മെഡിക്കല്‍ കോളേജിലെത്തി മന്ത്രി ബന്ധുക്കളെ കണ്ടിരുന്നു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചിരുന്നു. ഇതോടൊപ്പം വീഡിയോ കോള്‍ വഴി രണ്‍ദീപുമായും സംസാരിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധു ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.