കേരളത്തിൽ അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്‌ മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ വടക്കൻ കേരളം മുതൽ വിദർഭവരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മാത്രമല്ല ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 18 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 19 ന് കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

18 ന് കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി 19 ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 20 ന് തിരുവനന്തപുരം, കൊല്ലം 21 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ചില ജില്ലകളിൽ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയ്യാറാവണമെന്നും അതോറിറ്റി അറിയിച്ചു.

content highlights: heavy-rain-expected-in-kerala-for-the-next-five-days

Leave a Reply

Your email address will not be published. Required fields are marked *