കടുവ സംരക്ഷണ കേന്ദ്രമായ തഡോബയിലെ കാഴ്ചകൾ
ഡോ. പി.വി.മോഹനൻ
കോവിഡിനിടയിലും നാഗപ്പൂർ വരെ യാത്ര ചെയ്ത് കടുവകളുടെ കാഴ്ച പകർത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അനുഭവങ്ങൾ പങ്കിടുന്നു.
മഹാരാഷ്ട്രയിൽ നാഗപ്പൂരിൽ നിന്നും 150 കി.മീ. ദൂരെയാണ് തഡോബ കടുവ സംരംക്ഷണ കേന്ദ്രം. 1727 ചതുരശ്ര കി.മീ.വിസ്തൃതിയുള്ള ഈ കടുവ സംരക്ഷണ കേന്ദ്രത്തിൽ 120 കടുവകളുണ്ടെന്നാണ് കണക്ക്.
കോവിഡിന് തൊട്ടു മുമ്പു യാത്ര പ്ലാൻ ചെയ്തതായിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. കണ്ണൂരിൽ നിന്ന് മംഗലാപുരത്തെത്തി മുംബൈയിലേക്ക് വിമാനം കയറി. അവിടെ നിന്ന് വിമാനത്തിൽ നാഗപ്പൂരിലേക്ക്. നാഗപ്പൂരിൽ നിന്ന് മൂന്ന് മണിക്കൂർ ടാക്സിയിൽ യാത്ര ചെയ്താണ് ഞങ്ങൾ നാല് ഫോട്ടോഗ്രാഫർമാർ തഡോബയിലെത്തിയത്. തഡോബയിൽ കടുവയെ കാണാൻ വന്നവർ കടുവയെ
കണ്ടുവെന്നല്ല പറയാറ്. മായയെ കണ്ടു , മാധുരിയെ കണ്ടില്ല, സോനത്തെ ഒറ്റ നോട്ടമെ കിട്ടിയുള്ളു, താരയെ തിരഞ്ഞെങ്കിലും കിട്ടിയില്ല എന്നൊക്കെയാണ്. തഡോബയിലെ ജനങ്ങളിൽ മിക്കവരും അവരുടെ കുട്ടികൾക്ക് പേരിടുന്നത് മായ, സോന, മാധുരി എന്നൊക്കെയാണ്. അത്രയ്ക്ക് അവരുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ് ഇവിടുത്തെ കടുവകൾ. മായ പ്രസവിച്ചതും സോന നീന്തിയതും , മാധുരി ഇരയെ പിടിച്ചതും ബജ്‌രംഗ് ഗാബറിനെ ആക്രമിച്ചതും സായാഹ്ന പത്രങ്ങളിലെ വാർത്തകൾ പോലെ തഡോബയിൽ പ്രചരിച്ചിരുന്നു. മായയുടെ കുട്ടികളുടെ അച്ഛൻ ആരെന്നും മാധൂരിയുടെ കൂടെ ഇപ്പോഴത്തെ തുണ
ആരാണെന്നും ഒക്കെ തഡോബക്കാർക്ക് കൃത്യമായി അറിയാം. കടുവകളുടെ ഫാമിലി മരം അവർക്ക് മനപാഠമാണ്. ഓരോ കടുവയുടെയും മുഖത്തെ പുള്ളികളും ശരീര വടിവും ഒക്കെ നോക്കി അവർ അതിനെ തിരിച്ചറിയുന്നു. 2020 ൽ മൂന്ന് കടുവകൾ മരണപ്പെട്ടപ്പോൾ തഡോബക്കാർ ദുഖമാചരിച്ചു. തഡോബയെന്നാൽ ആദിവാസികളുടെ ദേവൻ എന്നാണർത്ഥം. ഒരിക്കൽ ആദിവാസി മൂപ്പനെ കടുവ കൊന്നപ്പോൾ തഡോബക്കാർ കടുവക്കും മൂപ്പനും സ്മാരകം പണിഞ്ഞത്രെ!. ഇന്ത്യയിൽ കടുവകളെ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് തഡോബ . ഓരോരുത്തരുടേയും
ടെറിട്ടറി തഡോബയിലെ ഗൈഡുകൾ തിരിച്ചറിയും. ആൺ കടുവകൾ ആധിപത്യം സ്ഥാപിക്കാൻ പരസ്പരം പൊരുതുന്നതും പരാജിതൻ പുതിയ ടെറിട്ടറി തേടി പോകുന്നതും ഗൈഡുകൾ കണ്ടെത്തും. ആദ്യ യാത്രയിൽ തന്നെ തഡോബയിൽ 11 കടുവകളെ കാണാനുള്ള ഭാഗ്യമുണ്ടായി. സോനയും കുട്ടികളും വെള്ളത്തിൽ കളിക്കുന്നതും , അതി ഭീമാകാരനായ രുദ്രനും, ചോട്ടി മധുവും ബജ് രംഗനും എന്റെ ക്യാമറയിൽ പതിഞ്ഞ പ്രശസ്തരായ കടുവകളാണ്. മായ പ്രസവിച്ചു കിടക്കുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. തഡോബയുടെ രാജ്ഞിയാണ് മായ . അഞ്ച് പ്രസവത്തിൽ നിന്നായി 15 കുട്ടികളെ
വളർത്തിയെടുത്ത ധീരയായ അമ്മ. ഇണചേരാൻ കൂടെ കൂടുന്ന ആൺ കടുവകളുടെ ആക്രമത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള പ്രത്യേക കഴിവുണ്ട് മായക്ക്. രംതംപൂരിലെ ” മച്ചലി ” കഴിഞ്ഞാൽ കടുവകളിലെ മോഡൽ മാതാവാണ് മായ. മച്ചലി ഇരുപതിലധികം കുട്ടികളെ വളർത്തിയെടുത്ത അമ്മയാണ്. മലയാളിക്ക് ഗുരുവായൂർ കേശവനും രാമചന്ദ്രനുമൊക്കെയാണ് ഹീറോകളെങ്കിൽ തഡോബക്കാരുടെ ഹീറോകളാണ് മക്താസറും, ഗാബറും അമിതാബുമൊക്ക. മൊഹർളി ഗേറ്റ് , ടെലിയ ലേക്ക് ,കോൽസാ ഗേറ്റ്, അഗർസാരി ഗേറ്റ് , ജുനോന ഗേറ്റ്, പാന്തർ പോണി എന്നിങ്ങനെ ആറ് ഗേറ്റുകളാണ് തഡോബയിലുള്ളത്.
ഇവിടെ മൊബൈൽ അനുവദിക്കില്ല. മൊബൈലിൽ ഫ്ലാഷിട്ട് ഫോട്ടോയെടുത്ത വണ്ടിയെ പിൻതുടർന്ന് ഒരു കടുവ പേടിപ്പിച്ചിരുന്നു. അതിനാലാണ് മൊബൈൽ അനുവദിക്കാത്തത്. മൂന്ന് വർഷം മുമ്പ് തഡോബയിൽ മനോരോഗിയായ ഒരാൾ കാട്ടിൽ കയറി. അടുത്ത ദിവസം അയാളുടെ മോതിരവും വിരലും മാത്രമെ കാട്ടിൽ കണ്ടുള്ളുവത്രെ. പൊതുവെ പ്രശ്നക്കാരിയായ ശർമ്മിളിയാണ് പാതകം ചെയ്തതെന്ന് ഗൈഡുകൾ അനുമാനിക്കുന്നു. തഡോബയിലെ കടുവകളിൽ ഏറ്റവും നാണം കുണുങ്ങിയാണ് താര. പുള്ളിമാനെ പിടിച്ച്
തിന്നാനൊരുങ്ങുമ്പോഴാണ് സഫാരി വണ്ടിയെ താര കാണുന്നത്. കാട്ടിൽ ഓടി മറഞ്ഞ താരയെ കാത്ത് മൂന്ന് ദിവസം കാത്തിരുന്ന സഫാരിക്കാർ ഇളിഭ്യരായി തിരിച്ചു പോന്നു. കടുത്ത വേനലിൽ കാട്ടിലെ അടിക്കാടുകളെല്ലാം ഉണങ്ങിക്കിടക്കുകയാണ്. ജിപ്സി സഫാരിയിലാണ് ഞങ്ങളുടെ യാത്ര. കടുവകളിൽ ചിലത് ചെമ്മൺറോഡ് മുറിച്ചു കടക്കുന്നുണ്ട്. ദൂരെ കാണുന്നവ അടുത്തുവരുമെന്ന പ്രതീക്ഷയിൽ പല സ്ഥലത്തും വാഹനം നിർത്തി കാത്തു നിന്നു. അങ്ങനെ ചില നല്ല ചിത്രങ്ങൾ കിട്ടി.
Excellent ……
Great words…..