ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം14 ന്
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴ് മണിക്ക് മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുമെന്ന് എന്‍.കെ.അക്ബര്‍ എം.എല്‍.എ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. റെയില്‍വേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ മേല്‍പ്പാലം. 10.15 മീറ്ററാണ് വീതി.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 30 കോടിയോളം രൂപ വിനിയോഗിച്ചാണ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിനായി 23 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.
2017 നവംബര്‍ മാസത്തില്‍ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍സ് ഓഫ് കേരള (ആര്‍.ബി.ഡി.സി.കെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ പൂർത്തിയാക്കി. സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച ശേഷം ചെന്നെ ഐ.ഐ.ടി യുടെ അനുമതി ലഭ്യമായി 2021 ജനുവരിയില്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി.
റെയില്‍വേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് ഇതോടെ വിരാമമാകും. ഒരു ദിവസം 30 തവണയോളമാണ് റെയില്‍വേ ക്രോസ് അടച്ച് തുറന്നിരുന്നത്. ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി റെയില്‍വേ മേല്‍പ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.