മോളിക്യുലാർ ബയോളജിയിലെ നൂതന സങ്കേതങ്ങൾ: പരിശീലനം തുടങ്ങി
മോളിക്യുലാർ ബയോളജിയിലെയും ബയോടെക്നോളജിയിലെയും നൂതന സങ്കേതങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതികൾ പങ്കുവെക്കുന്നതിനുള്ള പരിശീലനം കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ തുടങ്ങി.
കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള ഡിപ്പാർട്ടുമെന്റ് ഓഫ് ബയോ ടെക്നോളജിയുടെയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവിറോൺമെന്റിന്റെയും സഹകരണത്തോടെ നടത്തുന്ന ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ഉദ്ഘാടനം ചെയ്തു. പരിശീലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാനുവലിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവിറോൺമെന്റിലെ സയന്റിസ്റ്റ് ഡോ. ജയമേരി ജേക്കബ്, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ഷാജി ഫിലിപ്പ്, ഡോ. മുഹമ്മദ് സാദിക്ക് റബ്ബർ ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. സി. ബിന്ദു റോയി, ഡോ.ആർ.ജി. കല എന്നിവർ സംസാരിച്ചു.
ഡിപ്പാർട്ടുമെന്റ് ഓഫ് ബയോടെക്നോളജിയും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവിറോൺമെൻ്റും സംയോജിതമായി സാമ്പത്തികസഹായം നൽകുന്ന നൈപുണ്യ വിജ്ഞാന പരിപാടിയുടെ നടത്തിപ്പിനായി ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
മോളിക്യൂലാർ ബയോളജി, ബയോടെക്നോളജി രംഗങ്ങളിലെ
പ്രാഥമിക വിവരങ്ങളും അത്യാധുനിക വിദ്യകളുമെല്ലാം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, അദ്ധ്യാപകർ, സാങ്കേതികവിദഗ്ധർ, സംരംഭകർ എന്നിങ്ങനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. കോട്ടയത്ത് ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന രണ്ടാഴ്ചക്കാലത്തെ പരിശീലനം മാർച്ച് 19ന് അവസാനിക്കും.