സിയാലിന്റെ ദൃശ്യവിരുന്നിൽ ഗാനഗന്ധർവ്വൻ്റെ ഓണപ്പാട്ട്
ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഓണപ്പാട്ടിനു കൊച്ചി വിമാനത്താവളത്തിന്റെ ദൃശ്യവിരുന്ന്. 18 വർഷത്തെ ഇടവേളക്ക് ശേഷം തരംഗിണിയുടെ ബാനറില്‍ യേശുദാസ് പാടിയ ഓണപ്പാട്ട് ‘പൊൻ ചിങ്ങത്തേര് ‘ സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കി.
തരംഗിണിയുടെയും സിയാലിന്റെയും യൂട്യൂബ് പേജുകളിൽ ഈ വീഡിയോ സൗജന്യമായി കാണാം.
കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യേശുദാസിന്റെ ഓണപ്പാട്ടിന്റെ വീഡിയോ പ്രകാശനം നിർവ്വഹിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അധ്യക്ഷനായി. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ ആയി പങ്കെടുത്തു.
യേശുദാസിന്റെ ഓണപ്പാട്ടില്ലാതെ മലയാളിക്ക് ഓണം സമ്പൂർണ്ണമാവില്ല എന്ന് മോഹൻലാൽ പറഞ്ഞു. എന്റെയും എനിക്കുമുമ്പുള്ള തലമുറയുടെയും പുതിയ തലമുറയുടെയും ആദരവ്
നേടാൻ ദാസേട്ടന്റെ പാട്ടുകൾക്കായിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ പാട്ടുകൾ പാടി അഭിനയിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. അതിലെനിക്ക് അഭിമാനമുണ്ട് – മോഹൻലാൽ പറഞ്ഞു.
ഹരിഹരൻ പുതുവാതുണ്ടിൽ രചിച്ച് നന്ദുകർത്ത ഈണമിട്ട പൊൻ ചിങ്ങത്തേര്… എന്ന ഒരേയൊരു ഓണപ്പാട്ടാണ് ഇക്കുറി ഓണത്തിനായി യേശുദാസ് ആലപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിലാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചത്. പ്രകാശനച്ചടങ്ങിൽ
ചലച്ചിത്രതാരങ്ങളായ മനോജ് കെ.ജയൻ, രമേശ് പിഷാരടി, ഗായകരായ സുജാത മോഹൻ, വിജയ് യേശുദാസ്, സുധീർ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, എയർപോർട്ട് ഡയറക്ടർ ദിനേശ് കുമാർ, കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഹെഡ് ഓപ്പറേഷൻസ് ജേക്കബ് എബ്രഹം, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സന്തോഷ് പൂവാട്ടിൽ എന്നിവര്‍ പങ്കെടുത്തു.