വടക്കന്‍ കേരളത്തില്‍ ട്രൈക്കോഗ്രമ്മ മിത്രകീട ഉത്പാദന യൂണിറ്റ്
കർഷകർക്ക് ആശ്വാസമായി വടക്കന്‍ കേരളത്തില്‍ ട്രൈക്കോഗ്രമ്മ മിത്രകീട ഉത്പാദന യൂണിറ്റ് പ്രവർത്തനം തുടങ്ങി. പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ഈ യൂണിറ്റ്.
കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍. ചന്ദ്രബാബുവിനൊപ്പം തെങ്ങ് ഗവേഷണ പദ്ധതി വിലയിരുത്താന്‍ എത്തിയ ഡല്‍ഹി അഖിലേന്ത്യാ കാര്‍ഷിക ഗവേഷണ കൗണ്‍സിലില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.ആര്‍.സി.അഗര്‍വാളും
ഡോ.അനുരാധ അഗര്‍വാളും ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും അവസാനമായി പുറത്തിറക്കിയ തെങ്ങിനമായ കേര സുലഭ അദ്ദേഹം പ്രദർശന തോട്ടത്തില്‍ നടുകയും ചെയ്തു.
മിത്രകീടങ്ങളില്‍ പ്രധാനികളായ പരാദജീവികളില്‍ ഒന്നാണ് ട്രൈക്കോഗ്രമ്മ. നെല്ലിന്റെ തണ്ടുതുരപ്പനും (ട്രൈക്കോഗ്രമ്മ ജപ്പോണിക്കം) ഇലചുരുട്ടിപ്പുഴുവിനും (ട്രൈക്കോഗ്രമ്മ ചിലോണിസ്) എതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഇവയെ കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കാനാണ് കേന്ദ്രത്തില്‍ ഉല്പാദനം തുടങ്ങിയിരിക്കുന്നത്.
നിലവിലുള്ള സാഹചര്യത്തില്‍ പട്ടാമ്പിയിലും തൃശ്ശൂരിലും പോയി ഇവയെ വാങ്ങേണ്ട അവസ്ഥയായിരുന്നു. മുട്ടക്കാര്‍ഡുകളായിട്ടാണ് ഇവ വാങ്ങാന്‍ കിട്ടുക. മുട്ടയില്‍ നിന്ന് പുറത്തു വരുന്ന പരാദജീവികളുടെ പുഴുക്കള്‍ ശത്രുവിന്റെ മുട്ടകളെ തിന്നു നശിപ്പിക്കുന്നു. കീടനാശിനികള്‍ പ്രയോഗമില്ലാതെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് ശത്രുകീടങ്ങളെ നശിപ്പിക്കാന്‍ ഇവ വളരെയധികം ഫലപ്രദമാണ്.
ഈ വര്‍ഷം രണ്ടാം വിള സമയം നെല്‍ കര്‍ഷകര്‍ക്ക് ട്രൈക്കോഗ്രമ്മ
മിത്രകീടങ്ങളെ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ കേന്ദ്രം.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉത്തരമേഖലാ കാര്‍ഷിക
ഗവേഷണ കേന്ദ്രം ജൈവ ഉപാധികളെ മുന്‍നിര്‍ത്തിയുള്ള
കൃഷിരീതികളെയാണ് എപ്പോഴും പ്രോത്സാഹിപ്പിക്കാറുള്ളത്.
മണ്ണിനെയും സസ്യങ്ങളെയും സംരക്ഷിച്ച്, പ്രതിരോധ ശക്തി നല്‍കുന്ന
നിരവധി ജൈവ ഉപാധികള്‍ നിലവിലുണ്ട്. അതില്‍ സുപ്രധാനമായ
ഒന്നാണ് മിത്രകീടങ്ങള്‍. ശത്രു കീടങ്ങള്‍ക്കൊപ്പം പ്രകൃതിയില്‍ തന്നെ
ഇവ ഉണ്ടെങ്കിലും ചെടികളില്‍ ശത്രു ജീവികളുടെ ആക്രമണം
കൂടുമ്പോള്‍ ഇവയെ വിന്യസിക്കേണ്ടതായി വരുന്നു.
ഇതിനായി ശാസ്ത്രജ്ഞര്‍ ഇവയെ കൃത്രിമ സാഹചര്യത്തില്‍ ഉത്പാദിപ്പിക്കാനുള്ള രീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ട്രൈക്കോഗ്രമ്മ ആവശ്യമുള്ള കൃഷിഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും 7022133559 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്.
മിത്ര കീടത്തിനു പുറമെ പ്രകൃതി സൗഹൃദ കൃഷിക്കായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മിത്ര കുമിള്‍/മിത്ര ബാക്റ്റീരിയ, വിവിധ ജൈവകം പോസ്റ്റുകള്‍, പോഷകലായനി, ജൈവ കീടനാശിനി, കെണികള്‍ എന്നിവയും ഗവേഷണകേന്ദ്രം വില്പന നടത്തുന്നുണ്ട്. കേന്ദ്രം മേധാവി ഡോ.ടി.വനജ യുടെ നിര്‍ദേശപ്രകാരം ട്രൈക്കോഗ്രമ്മ ഉല്പാദന യൂണിറ്റ്
പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കീടശാസ്ത്രവിഭാഗത്തിലെ
അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.വി.നിഷാ ലക്ഷ്മിയാണ്.
കൂണ്‍ വിത്ത് ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത് രോഗ ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സഞ്ജു ബാലനും തെങ്ങിന പ്രദര്‍ശന തോട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്ലാന്റ് ബ്രീഡിങ്ങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ സി. നിനിത നാഥുമാണ്.