വി.രാജഗോപാല്‍, എം.ടി… പിന്നെ സുകുമാര്‍ അഴീക്കോടും

എൻ. പി. രാജേന്ദ്രൻ

ഒരു ചരിത്രഘട്ടത്തില്‍ ജര്‍മ്മനിയിലേക്കു പോകാന്‍ കഴിഞ്ഞു. ബര്‍ലിന്‍ മതില്‍ തകരുകയും ജര്‍മനികള്‍ ഒന്നാകുകയും ചെയ്തത് ചരിത്രസംഭവമായിരുന്നല്ലോ. ഇതേക്കുറിച്ച് ഞാൻ എഴുതിയ ‘മതിലില്ലാത്ത ജര്‍മനിയില്‍’ യാത്രാവിവരണം ആ ചരിത്രസംഭവത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മുപ്പത് വർഷം മുമ്പായിരുന്നു യാത്ര. യാത്രാവിവരണം എഴുതിപ്പൂര്‍ത്തിയാക്കിയതോടെ ചിന്ത ഇനി ഇതെന്തു ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു.

എഴുതിയ സാധനവുമായി ഞാന്‍ ഒരു ദിവസം ഓഫീസിലേക്കു വന്നു. അന്ന് ഞാന്‍ കോഴിക്കോട് ബ്യൂറോവില്‍ റിപ്പോര്‍ട്ടറായിരുന്നു. ബ്യൂറോ ചീഫ് വി.രാജഗോപാല്‍. കൈയെഴുത്തു പ്രതി മേശപ്പുറത്ത് വെച്ച് സഹപ്രവര്‍ത്തകരോട് സംഗതി പറഞ്ഞു. നോക്കട്ടെ വായിക്കട്ടെ എന്ന് അവരും പറഞ്ഞു. അപ്പോഴാണ് വി.രാജഗോപാല്‍ വരുന്നത്. കാര്യം വിശദീകരിച്ച ഉടനെ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. നീ അതിങ്ങോട്ട് താ…. അതു പറയലും രാജഗോപാല്‍ അതു പിടിച്ചുവാങ്ങിയതും ഒപ്പമായിരുന്നു. പിന്നെ അദ്ദേഹം എങ്ങോട്ടോ പോയി… അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവന്ന് പറഞ്ഞത് ‘യാത്രാവിവരണം അടുത്ത ആഴ്ച മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തും’ എന്നായിരുന്നു. ഞാന്‍ ഞെട്ടി.

രാജഗോപാല്‍ പോയത് എം.ടി വാസുദേവന്‍ നായരെ അതു കാണിക്കാനായിരുന്നു. അദ്ദേഹം അന്ന് മാതൃഭൂമി ആഴചപ്പതിപ്പിന്റെ പത്രാധിപരാണ്. രണ്ടോ മൂന്നോ അധ്യായം  ഓടിച്ചുവായിച്ച ശേഷം പത്രാധിപര്‍ നല്‍കിയ മറുപടി- അത് ഉടനെ കൊടുത്തു തുടങ്ങാം- എന്നായിരുന്നു !  അതാണ് എം.ടി …അതാണ് വി.രാജഗോപാല്‍. ഖണ്ഡശഃ പൂര്‍ത്തിയായതില്‍പ്പിന്നെ അതിനെക്കുറിച്ച് ഞാനൊന്നും ചിന്തിച്ചില്ല. പുസ്തകമാക്കുന്നത് ആലോചിക്കുന്നതുതന്നെ അതിമോഹമാവുമല്ലോ എന്നു കരുതി മിണ്ടാതിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍കൂടി പുസ്തകമെഴുതുന്ന കാലമെത്തിയിരുന്നില്ല. പക്ഷേ, ഒരു വര്‍ഷത്തിനകം പുസ്തകമിറങ്ങി. അതു വേറൊരു കഥയാണ്. പിന്നെ എപ്പോഴെങ്കിലും പറയാം. ‘സ്വഭാവദൂഷ്യം’ കാരണം എന്നെ കോഴിക്കോട്ടുനിന്ന് ആദ്യം കൊല്ലത്തേക്കും പിന്നെ തൃശ്ശൂരിലേക്കും അതിനുശേഷം കണ്ണൂരിലേക്കും മാറ്റിയിരുന്നു. തൃശ്ശൂരിലായിരുന്നപ്പോഴാണ് അച്ചടിച്ച പുസ്തകം കൈയില്‍ കിട്ടിയത്. ഉടനെ പ്രകാശനചിന്ത ഉദിച്ചു. തൃശ്ശൂരില്‍ സുകുമാര്‍ അഴീക്കോട് കഴിഞ്ഞല്ലേ വേറെ ആളുള്ളൂ. പ്രകാശനം നടത്താന്‍ അദ്ദേഹത്തെത്തന്നെ വിളിച്ചു. പ്രസ്സ് ക്ലബ്ബിലാണ് സംഘടിപ്പിച്ചത്. അഴീക്കോടിനെ ക്ഷണിച്ചതും ചടങ്ങ് നടത്തിയതുമെല്ലാം മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരാണ്. സുകുമാര്‍ അഴീക്കോട് സ്വന്തം കാര്‍ ഓടിച്ച് പ്രസ്സ്ക്ലബ്ബിലേക്ക് വന്ന വരവ് ഞാന്‍ മറക്കില്ല.

മറ്റൊരു തരത്തിലും സന്തോഷദിനമായിരുന്നു അത്. എനിക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ഒരു പത്രപ്രവര്‍ത്തക അവാര്‍ഡ്-ശാസ്ത്ര റിപ്പോര്‍ട്ടിനുള്ളതെന്നാണ് ഓര്‍മ- അന്നാണ് പ്രഖ്യാപിച്ചത്.
1993 ഫിബ്രവരി ആറിനായിരുന്നു അത്. പുസ്തകപ്രകാശന പ്രസംഗത്തില്‍ അഴീക്കോട് ഇത് പ്രത്യേകം എടുത്തു പറഞ്ഞു. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം ഒരു കാസറ്റില്‍ സൂക്ഷിച്ചത് എങ്ങോ നഷ്ടപ്പെട്ടുപോയിരുന്നു. ഇപ്പോൾ ഡിസി ബുക്‌സ് ഇതിന്റെ ഇ. ബുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതിനു തൊട്ടുമുമ്പ് എനിക്ക് ആ കാസറ്റ് കണ്ടെത്താനായി. അതു പൂര്‍ണരൂപത്തില്‍ ഇ.ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

( മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമാണ് ലേഖകൻ )

2 thoughts on “വി.രാജഗോപാല്‍, എം.ടി… പിന്നെ സുകുമാര്‍ അഴീക്കോടും

  1. Great persons. Now, you can’t even think of such persons as editors in any periodical
    Most of them do not deserve to be where they are, sadly!! Nice and revealing post.

Leave a Reply

Your email address will not be published. Required fields are marked *