മഡഗാസ്ക്കറിലെ കരിപുരണ്ട കാഴ്ചകൾ 

ആഫ്രിക്കയിലെ മഡഗാസ്ക്കർ യാത്രാ കാഴ്ചകൾ വിവരിക്കുകയാണ് ഡോ.പി.വി.മോഹനൻ

മഡഗാസ്ക്കർ യാത്രയിൽ റോഡിൻ്റെ ഇരുവശങ്ങളിലും പുകയുന്ന മലകൾ കാണാൻ കഴിഞ്ഞു. അടുത്തു പോയപ്പോഴാണ് സംഗതി പിടികിട്ടിയത്. മരങ്ങൾ മുറിച്ച് മലമുകളിൽ കരിയാക്കുകയാണ് കർഷകർ. റോഡരികിൽ നിറയെ ചാക്കിൽ നിറച്ച കരി വില്പനയ്ക്കു വെച്ചിട്ടുണ്ട്. സൈക്കിളിലും കൈവണ്ടികളിലുമായി മരക്കരി കൊണ്ടുപോകുന്നവരാണ് റോഡിൽ നിറയെ.

മഡഗാസ്ക്കർ ഗണ്യമായ അളവിൽ മരക്കരി ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ്. പ്രധാനമായും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പാചകത്തിനും ചൂടാക്കലിനും കരി അമിതമായി ആശ്രയിക്കുന്നവരാണിവർ.  പച്ചക്കറിക്കടയിലും മറ്റും മരക്കരി വില്പനയുണ്ട്. ഒരു കിലോ മരക്കരിക്ക് 20 രൂപയാണ് വില.

മഡഗാസ്ക്കറിൻ്റെ വാർഷിക മരക്കരി ഉൽപ്പാദനം ഏകദേശം അഞ്ച് ലക്ഷം ടണ്ണാണെന്ന് കണക്കാക്കപ്പെടുന്നു. ഒരു മരത്തിൽ നിന്ന് ശരാശരി 500 കിലോഗ്രാം മരത്തടി കിട്ടും. അതിൻ്റെ 20 ശതമാനമായ100 കിലോഗ്രാം

കരി ലഭിക്കും. ഇതനുസരിച്ച് അഞ്ച് ലക്ഷം ടൺ മരക്കരിയുണ്ടാക്കാൻ പ്രതിവർഷം അരക്കോടി മരങ്ങൾ മുറിക്കേണ്ടിവരും.

രാജ്യത്തിൻറെ 96 ശതമാനം കാടുകളും ഇങ്ങനെ നശിപ്പിച്ചു കഴിഞ്ഞു. മഡഗാസ്ക്കറിലെ വന നശീകരണത്തിന് കരി ഉൽപ്പാദനം ഒരു പ്രധാന കാരണമാണ്. ഇന്ധന തടിക്കും കരി ഉൽപാദനത്തിനുമായി വനങ്ങളുടെ വ്യാപകമായ ഉപയോഗം കാരണം രാജ്യത്തിൻ്റെ തനതായ ജൈവവൈവിധ്യം തന്നെ ഇപ്പോൾ ഭീഷണിയിലാണ്.

മരക്കരിക്ക് ഏറ്റവും ഡിമാൻ്റുള്ള അൻ്റാനനാരിവോ നഗരത്തിന് സമീപമാണ് ഏറ്റവും ഉയർന്ന കരി ഉൽപാദനം നടക്കുന്നത്. വനനശീകരണം കുറയ്ക്കുന്നതിന് മഡഗാസ്കർ സർക്കാർ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക വെല്ലുവിളികൾ കാരണം പുരോഗതി മന്ദഗതിയിലാണ്.

ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യമാണ് മഡഗാസ്ക്കർ. ദ്വീപിൻ്റെ തനതായ വനങ്ങൾ സംരക്ഷിക്കുന്നതിനായി മലാഗാസി സർക്കാർ മരക്കരി കയറ്റുമതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾ നിയമവിരുദ്ധമായ മരം മുറിക്കൽ നിയന്ത്രിക്കാനും കരി വ്യവസായത്തിൽ നിന്നുള്ള പരിസ്ഥിതി നാശം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

മഡഗാസ്കറിൽ മരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആക്ടിവേറ്റഡ് കരി ഉൽപന്നങ്ങൾക്ക് ഒരു പ്രത്യേക വിപണിയുണ്ട്. ഇത് പലപ്പോഴും ഫിൽട്ടറേഷൻ, കോസ്മെറ്റിക്സ്, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ ആക്ക്റ്റിവേറ്റഡ് രൂപത്തിലുള്ള കരി ആഗോള വിപണികളിലേക്ക് പരിമിതമായ തോതിലുള്ള കയറ്റുമതിയും ഇവിടെ നടക്കുന്നുണ്ട്.

കരി ഉൽപാദനത്തെ ആശ്രയിക്കാത്ത ബദൽ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മഡഗാസ്കറിൽ അന്താരാഷ്ട്ര സംഘടനകളും സംരക്ഷണ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. വനവിഭവങ്ങളിലുള്ള പ്രാദേശിക ആശ്രിതത്വം കുറയ്ക്കുകയാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്. ഈ ശ്രമങ്ങൾ പരാജയപ്പെട്ടാൽ 10 – 15 വർഷങ്ങൾക്കുള്ളിൽ ലോകത്തെ തന്നെ ഒന്നാംതരം ജൈവവിധ്യ കേന്ദ്രം മരുഭൂമിയായി മാറും.(മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *