കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി തൃശ്ശൂരും ഓടിത്തുടങ്ങി
കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി തൃശ്ശൂരും ഓടിത്തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി ആൻ്റണി രാജു നിർവ്വഹിച്ചു
.തൃശ്ശൂർ ജില്ലയിലെ എളവള്ളി ഗ്രാമ പഞ്ചായത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുകയാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ. ജീവനക്കാരുടെ താമസം, പാർക്കിംഗ്, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും.
ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ മെയിന്റനൻസ്, സ്പെയർ പാർട്സ്, ഇൻഷുറൻസ് തുടങ്ങി ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും.
ജന്മദിനം, ചരമവാര്‍ഷികം പോലുള്ള ഓര്‍മ്മ ദിനങ്ങളിലുള്‍പ്പെടെ വ്യക്തികള്‍ക്കും അതുപോലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യത്തിനായും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി സ്പോണ്‍സര്‍ ചെയ്യാം. പ്രത്യേക കാരണങ്ങൾ ഇല്ലാതെയും നാട്ടുകാർക്ക് വേണ്ടി ഗ്രാമവണ്ടി സ്പോൺസർ ചെയ്യാം.
തൃശ്ശൂർ ജില്ലയിലെ എളവള്ളി പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ജനപ്രതിനിധികൾ, കെ.എസ്.ആർ.ടി.സി സി.എം.ഡി. ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ ഗ്രാമവണ്ടി ഈയിടെ തുടങ്ങിയിരുന്നു.